Friday, 30 April 2021

ചില ജീവിതങ്ങൾ

ചില ദുഃഖങ്ങളാ-
രറിയുന്നു ..?
മരങ്ങൾക്കും
മോഹങ്ങളുണ്ടാവുമോ ..? 
ശബ്ദമില്ലാത്തവരുടെ മോഹങ്ങ-
ളാരറിയുന്നു ..?
നിശ്ശബ്ദരാക്കപ്പെട്ട
മനുഷ്യരും മരങ്ങളും
ഒരുപോലെയല്ലേ ..
കഴിഞ്ഞ വേനലിൽ
വെട്ടിയ മരങ്ങൾ
ഈ മഴക്കാലത്തു
തളിർത്തെണീക്കുന്നു ..
ഓരോരോ ശിഖരങ്ങ-
ളറുത്തുമാറ്റപ്പെടുമ്പോഴും
പ്രതികാരത്തോടെ
വളരുന്നു വേരുകൾ ;
ഒരു വസന്തത്തെ
പ്രതീക്ഷിച്ചുകൊണ്ട് ;
ചില ബന്ധങ്ങൾ പോലെ -
ജനനമേയുള്ളു ,
മരണമില്ല ;
അടർത്തിയാലടുക്കുന്നു
ഭ്രാന്തമായ്.
മഞ്ഞുമൂടികിടക്കുമ്പോഴും 
ബ്ലൂബെറി ചെടികൾ
മരിക്കുന്നില്ല .
മഞ്ഞുരുകുംവരെ
കാത്തിരിക്കുന്നു -
ചില ബന്ധങ്ങൾ പോലെ ;
മരിക്കുംമുന്പേ
ആയിരം തളിരുകളിൽ
പുനർജനിക്കുന്നു.
ഒരു കാട്ടുതീ വന്നു
ചുട്ടെരിച്ചാലും ,
വേരുകൾ പിന്നെയു-
മവശേഷിക്കുന്നു;
ഇനിയുമൊരു വസന്തം
വിരിയാൻ
കാത്തിരിക്കുന്നു

Monday, 25 May 2020

ഒരു വാഗ്ദാനം


സ്നേഹിച്ചുതീരാത്ത മനുഷ്യജന്മങ്ങൾക്കാ -
വുമോ മരങ്ങളായ്  പുനർജനിക്കാൻ ?
മണ്ണിലുറങ്ങുന്ന വിത്തുകളിലാ   -
ത്മാവിനാവുമോ  ജീവനൂതുവാൻ  ? 
ആവുമെങ്കിലെൻജീവൻ  വെടിയുന്നനേരമൊരു ,
ചെമ്പകമരമായ്ഞാനുണർത്തെണീക്കാം 
എൻ നേർത്ത ചില്ലകൾ ,നിൻജാലകത്തിലൊരു -
തണലായിനിന്നു  കഥ പറയാം 
കുയിലുകൾ  ശ്രുതിതീർത്ത രാഗങ്ങൾക്കൊണ്ടുഞാ-
നില്ലാത്ത ശൂന്യത മായ്ച്ചുതരാം 
ജീവിക്കവേ പങ്കുവെക്കുവാനാവാത്ത -
സമയമത്രയും ഞാനന്നു പങ്കുവയ്ക്കാം 
ഓർമ്മകൾജ്ജനിപ്പിക്കും സുഗന്ധമായ് ,
നീയകലും വരെ ഞാൻ പൂത്തുനിൽക്കാം 
എന്നിട്ടൊരുനാൾ നീയുമൊരു മരമായ് ജനിക്കുവാൻ 
വിത്തുകൾ ചിലതു ഞാൻ കാത്തുവയ്ക്കാം
പിന്നീടൊരിക്കൽനീ  പുനർജനിച്ചാ-
ലന്നുവേരുകളായിഞാൻ തേടിവരാം  
അന്നു ഞാൻ  ഗാഢമായാലിംഗനം ചെയ്തൊരി -
ക്കൽപ്പറയാൻമടിച്ച വാക്കുതരാം.
ഭൂമിയിൽ സഫലമാവാത്ത ജീവിതം ,
ഭൗമാന്തർഗ്ഗതത്തിൽ ജീവിച്ചുതീർക്കാം

Sunday, 24 May 2020

ഓർമ്മയിലെ ഒരു ഡൽഹി യാത്ര



ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര ഡൽഹിയിലേക്കായിരുന്നു. ഡൽഹി ! - രാജനീതിയുടെ  ഡൽഹി , രാഷ്ട്രീയസമരങ്ങളുടെ ഡൽഹി , വ്യാപാരകേന്ദ്രങ്ങളുടെ ഡൽഹി ,  മെട്രോറെയിലിന്റെ ഡൽഹി , ചരിത്രമുറങ്ങുന്ന ഡൽഹി , പുരാണങ്ങളിലെ ഇന്ദ്രപ്രസ്ഥം ! ഓരോ ഭാരതീയനും അറിവുവെച്ച നാൾ മുതൽ കേട്ടുവരുന്നൊരു നഗരത്തിൻറെ പേരാണ് ഡൽഹി - മാത്രമല്ല , ഇന്ത്യയിലെ ഏതിടത്തിലേക്കും വായു മാർഗം യാത്ര യോജിപ്പിക്കൂന്ന കണ്ണിയുമാണ് ഡൽഹി . ഇതെല്ലാം കൊണ്ട് തന്നെ ആ യാത്ര എന്നെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതായിരുന്നു 


അനുഭവ്യമാവുന്നവ , ദൃശ്യമാവുന്നവയെക്കാൾ പ്രസക്തമാവുന്നതുകൊണ്ടുതന്നെ ഡൽഹിയെ കുറിച്ച് ആ സെപ്റ്റംബർ മാസത്തിലും ആദ്യം ശ്രദ്ധിച്ചത് താപനിലയും , ഊഷ്മാവുമാണ് . സൂര്യാസ്തമയത്തിനു മൂന്നാലു മണിക്കൂറുകൾക്ക് ശേഷവും അന്തരീക്ഷത്തെ തണുപ്പിക്കാനാവാതെ നഗരം വലഞ്ഞു 


വടക്കേ ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സന്ദർശനം! ടാക്സി ഡ്രൈവറുടെ പഞ്ചാബിഭാഷ കലർന്ന ഹിന്ദി ഒരു ഹിന്ദുസ്ഥാനി രാഗം പോലെ സംഗീതാത്മകമായിരുന്നു. Paharganj എന്ന സ്ഥലത്തായിരുന്നു റൂം ബുക്കിംഗ് . "പഹാഡ്-ഗഞ്ജ്" - എത്ര ഇമ്പമുള്ള പേര് , അല്ലേ ? അവിടെയുള്ള ഒരു "ചാന്ദിവാലി ഗലി"-യിലാണ് സ്ഥലം . അന്ന് സ്മാർട്ഫോണുകൾ ഇന്നത്തെ പോലെ വ്യാപകമല്ല . ഇന്ത്യയിൽ 3G ,4G  മൊബൈൽ ടെക്നോളജികൾ  വരാനിരിക്കുന്നതേയുള്ളൂ.  അതായതു ഗൂഗിൾ maps ഉപയോഗിക്കാൻ സാധിച്ചില്ല എന്ന് അർഥം . ചോദിച്ചപ്പോൾ ഇപ്പറഞ്ഞ സ്ഥലം ആർക്കും അറിയുന്നില്ല . ആ രാത്രി നേരത്തു തെല്ലൊരു ഭയം തോന്നിയെന്ന് സമ്മതിക്കാൻ ഇന്നും മടിയില്ല . അവസാനം, എങ്ങനെയോ ഗലി കണ്ടെത്തിയപ്പോഴോ - കഷ്ടി ഒരു നാലടി വീതിയുള്ള വഴി. അവിടുന്നു പുറത്തു കടന്നാൽ , അനേകം തെരുവുകളുടെ ഊരാക്കുടുക്കിൽ "ചാന്ദിവാലി ഗലി" കണ്ടെത്താൻ വീണ്ടും കഷ്ടപ്പെടുമെന്നുറപ്പുള്ളതിനാൽ അവിടവിടുള്ള അടയാളങ്ങളുടെ കുറിപ്പുണ്ടാക്കി പോക്കറ്റിൽ ഇട്ടു . "ഡോളർ ഇൻ " - അതായിരുന്നു ആ ഉപഗൃഹത്തിൻറെ പേര് . ആ പേര് ,  ആ എളിയ സ്ഥലത്തിന് ഒരു വിരോധാഭാസമായിരുന്നു . എന്നാൽ അവിടെയും തീവ്രവാദികളെ ഭയന്ന് പരിശോധന കർശ്ശനമായിരുന്നു . റെക്കോർഡിലേക്കായി സ്ലേറ്റിൽ പേരെഴുതിപ്പിടിച് ക്യാമറക്കുമുന്നിൽനിന്നു ചിരിച്ചു കൊടുക്കുമ്പോൾ പകരം ഗൗരവമായിരുന്നോ വേണ്ടിയിരുന്നത് എന്ന് അപ്പോൾ ആലോചിക്കാൻ സാധിക്കാത്തത്ര ക്ഷീണിതയായിരുന്നു ഞാൻ .

രാവിലെ അഞ്ച് മണിക്കേ എഴുന്നേറ്റു ആഗ്രയിലേക്കുള്ള ടൂറിസ്റ്റ് ബസ് കാത്തുനിൽക്കുമ്പോഴാണ് നേർത്ത പകൽവെളിച്ചത്തിൽ ഡൽഹിയെ ആദ്യമായി കാണുന്നത്. വീതിയേറിയ , വൃത്തിയും മനോഹാരിതയുമുള്ള റോഡുകൾ വിജനമായിരുന്നു ആ നേരത്തു . 
അവിടവിടെയായി ഒരു പാൽക്കാരനോ പത്രക്കാരനോ മാത്രം . രാജ്യത്തെ പ്രധാനവാർത്തകളുടെ ഉദ്ഭവസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. എന്നതിനാൽ തന്നെ സൈക്കിളുകളിൽ അവ വിതരണം ചെയ്യപ്പെടുന്നതു കാണുമ്പോൾ ഒന്ന് നീണ്ടു കിടന്നു വായിക്കാൻ ഒരു കസേര കിട്ടിയിരുന്നെങ്കിൽ എന്നൊരു തോന്നലായിരുന്നു . അവിടെ അരികിലുള്ള രമ്യഹർമ്യങ്ങളിലേക്കു കണ്ണൊന്നു നീണ്ടുപോയി എന്നു പറയേണ്ടല്ലോ ! 


റെയിൽ മാർഗ്ഗം ഒന്നര മണിക്കൂർ മാത്രം എടുക്കേണ്ടിയിരുന്ന ഡൽഹി-ആഗ്ര യാത്ര അഞ്ച് മണിക്കൂർ കൊണ്ടാണ് റോഡ് മാർഗ്ഗം സാക്ഷാത്ക്കരിച്ചത് . Delhi Sultanate 1526 വരെ ഭരിച്ച Lodi Dynasty ആണ് ആഗ്രാ ഫോർട്ട് പണിതത്‌ . എന്നാൽ കോട്ട ഇന്നു കാണുന്ന നിലയിലാക്കിയത് അക്ബർ ചക്രവർത്തിയാണത്രെ . ചുവന്ന കല്ലിൽ (Red sandstone ) തീർത്ത കോട്ട ഡൽഹിയിലെ റെഡ് ഫോർട്ടിനേക്കാൾ വലുതാണത്രേ ! 1638 ഇൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റുന്നതുവരെ , മുഗൾ ചക്രവർത്തിമാർ ജീവിച്ചിരുന്നത് ഈ ആഗ്രാഫോർട്ടിൽ ആയിരുന്നു . ബ്രിട്ടീഷുകാർ അടക്കം പല സാമ്രാജ്യശക്തികളും ഇവിടെ അധികാരം സ്ഥാപിച്ചിട്ടുണ്ട്  


ആഗ്രാഫോർട്ടിൽ നിന്നും കാണാവുന്ന അകലത്തിലാണ് ലോകവിസ്മയങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതിചെയ്യുന്നത്. താജ്മഹൽ  - മുഗൾ ആഡംബരത്തിന്റെയും, പ്രതാപത്തിന്റെയും , വാസ്തുവിദ്യയുടെയും പ്രതീകം ! ചെറുപ്പം മുതലേ തീപ്പെട്ടികൂടുകളിൽ മാത്രം കണ്ടിട്ടുള്ള താജ്മഹൽ അങ്ങ് ദൂരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ യമുനയുടെ മടിത്തട്ടിൽ   ഇരിക്കുന്നത്  കാണുമ്പോൾ ഒരു തീപ്പെട്ടികൂടിലുള്ള വലിപ്പം തന്നെയേ  തോന്നിക്കൂ 


ഉത്തർ പ്രദേശ് സർക്കാരിന്റെ handicraft emporium ഒന്നോടിച്ചു കണ്ട് ,അതിനു ചേർന്നുള്ള ചെറിയ കടയിൽ നിന്ന് പേരുകേട്ട "agra ka pedha" ( കുമ്പളങ്ങ കൊണ്ടുള്ള ഒരു മധുരം) പൊതിഞ്ഞു വാങ്ങി, ഉച്ചഭക്ഷണവും കഴിച്ചു കൊണ്ടാണ് താജ് മഹൽ കാണാൻ ഇറങ്ങിയത് . മഹലിൻറെ ഒരു കിലോമീറ്റർ ദൂരത്തിൽ മോട്ടോർ വാഹനങ്ങൾക്ക് നിരോധനമാണ് . ഡൽഹിയിലെ വായുമലിനീകരണം മൂലം മഹലിന്റെ മാർബിൾ നിറം മങ്ങുന്നൊരു പ്രതിഭാസം ഉണ്ടായിരുന്നു . എന്തൊക്കെ ചെയ്തിട്ടെന്താ, കേറി ചെല്ലുന്നത് മനുഷ്യരല്ലേ - " ലോകമേ തറവാട് " എന്നതിനെ "എന്റെ തറവാടാണീ ലോകം " എന്ന് വ്യാഖ്യാനിക്കുന്നവർ ! മഹലിലേക്കു പോകാൻ സൈക്കിൾ റിക്ഷകൾ ലഭിക്കും , അല്ലെങ്കിൽ കാൽനടയായി പോകാം 


മഹലിനടുത്തെയിയപ്പോഴാണ് അടുത്ത നടുങ്ങുന്ന കാഴ്ച കണ്ടത് . രജനികാന്ത് ചിത്രങ്ങൾ ഇറങ്ങുന്ന അന്ന് ഇല്ലാത്ത തിരക്ക് - യമുന പോലെ നീണ്ടു കിടക്കുന്ന മനുഷ്യവരികൾ . പ്രവേശനത്തിന് ഇന്ത്യക്കാർക്ക് ഇരുപത് രൂപ , വിദേശികൾക്ക് ഇരുനൂറ് -  നമ്മൾ കൊട്ടിഘോഷിക്കുന്ന "അഥിതി ദേവോ ഭവ:" സംസ്കാരമൊന്നും ടൂറിസത്തിനു വിഷയമല്ല . പിന്നെ , സിനിമ ടിക്കറ്റ് എടുക്കുമ്പോഴുള്ളപോലെ ഇവിടെയും കരിഞ്ചന്ത ഉണ്ടെന്നുള്ളതൊരു സമാധാനമായിരുന്നു എന്ന് നർമ്മം പറയാം. ഇരുപതു രൂപയ്ക്കു പകരം അമ്പതു വാങ്ങിയ പയ്യൻ ഞങ്ങളെ തിരക്കില്ലാത്ത മറ്റൊരു കോട്ടവാതിലിൽ കൊണ്ടുപോയി . പകരം ഒരു കിലോമീറ്ററിൽ അധികം പിന്നെയും നടക്കേണ്ടി വന്നു എന്നത് സത്യം . ഒരൽപം അന്തസ്സ് കുറഞ്ഞതാണെങ്കിലും മാന്യമായ ജോലി ചെയ്തു വിനോദസഞ്ചാരത്തിന്റെ തണലിൽ മാത്രം ജീവിക്കുന്ന എത്ര മനുഷ്യർ ! 


നിങ്ങളുടെ ഭാവനയ്ക്ക് അതിരുണ്ടെങ്കിൽ അതിനുമപ്പുറത്തുള്ള വാസ്തുസൃഷ്ടിയാണ് താജ്മഹൽ 
നിത്യവൃത്തിക്ക് പണിയെടുത്തു , തൊഴിൽ ലക്ഷ്യം കണ്ടാൽ കോട്ടക്കുപുറത്താകുന്ന , ചരിത്രത്തിൽ സ്ഥാനം പിടിക്കാത്ത ആയിരക്കണക്കിന് തൊഴിലാളികൾ വെണ്ണക്കല്ലിൽ തീർത്ത വിസ്മയം ! റെഡ് സാൻഡ്‌സ്‌റ്റോൺ ഇന് പകരം മാർബിൾ കല്ലുകളായിരുന്നു ഷാജഹാൻ ചക്രവർത്തിക്ക് പ്രിയം.  ആ സൃഷ്ടി പൂർത്തിയായതിന് ശേഷം അത് പോലൊന്ന് പിന്നെയുണ്ടാക്കാതിരിക്കാൻ പ്രധാനശില്പിയുടെ കൈ അടർത്തിമാറ്റി എന്ന് ചക്രവർത്തിയെക്കുറിച്ചൊരു  കഥയുണ്ട് . എന്തൊക്കെയായാലും ചരിത്രം ചക്രവർത്തിമാരെ  മാത്രം ഓർക്കുന്നു - അവരുടെ മനോരാജ്യത്തിനനുസരിച്ചു പ്രവർത്തിച്ചു കർമ്മപൂർണതയിലെത്തിക്കുന്നവരെ ആരുമോർക്കുന്നില്ല ! 



ആഗ്രയിൽ നിന്നുമുള്ള യാത്ര മഥുരയിലേക്കായിരുന്നു . ഉത്തർ പ്രദേശിലെ റോഡുകളുടെ അവസ്ഥയും , ഗതാഗത നിയന്ത്രണവും , ഒരു യാത്രോപാധിയായുള്ള പതുക്കെമാത്രം നീങ്ങുന്ന കാളവണ്ടികളുടെ ഉപയോഗവും എല്ലാം കൊണ്ടും മഥുരയിലും വിചാരിച്ചതിലും വൈകിയാണ് എത്തിയത് . എന്നാൽ , അവിടെ കണ്ട മഥുര എന്നെ കുറച്ചൊന്നുമല്ല അദ്‌ഭുതപെടുത്തിയത് - "ഇതായിരുന്നോ കംസന്റെ രാജധാനി ?!" എന്ന് സഹതാപം ജനിപ്പിക്കുന്ന ഇടം . എന്നാൽ അതിലുമൊരു രസം തോന്നിയ കാര്യമെന്തെന്നാൽ , ഇവിടുത്തുകാരുടെ ഹിന്ദിയുടെ ഭാഷാഭേദം രസകരമാണ്. മലയാളികളുടെ പ്രിയങ്കരിയായ എഴുത്തുകാരി മാധവിക്കുട്ടി "നീർമാതളം പൂത്ത കാലം" എന്ന തൻ്റെ ജീവചരിത്രച്ചുവയുള്ള പുസ്തകത്തിൽ , തന്റെ ആയ ഇങ്ങനെ പറയുന്നതായി എഴുതിയിട്ടുണ്ട് , " ദൈവം സംസാരിക്കുന്ന ഭാഷ മലയാളമാണ് . പൊടികുഞ്ഞായ നമ്മുടെ സുലുകുഞ്ഞു പോലും മലയാളം പറയുന്നത് ആരും പഠിപ്പിച്ചുകൊടുത്തിട്ടല്ല " , എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന സ്ത്രീ , ഇഷ്ടദേവനായ ശ്രീകൃഷ്ണൻ വളർന്നത് ഇവിടെയാണെന്നും ആ യുക്തി വെച്ച് നോക്കിയാൽ സംസാരിച്ചിരിക്കാവുന്നത് , ഇവിടുത്തെ ഗ്രാമ്യഭാഷയാവും എന്ന് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നറിയാൻ മാധവികുട്ടി ജീവിച്ചിരുന്നെങ്കിൽ എന്ന് തോന്നിപോയി 

തിരിച്ചു ഡൽഹി എത്തിയപ്പോൾ സമയം രാത്രി ഒന്നര . "ഇത്നെ ദേർ ഹോഗയെ ആനെ മേം " , എന്ന് ചോദിക്കാൻ പൊടിമീശക്കാരൻ പയ്യൻ എണീറ്റിരുന്നിരുന്നു - വൈകി ഹോട്ടൽ അന്വേഷിച്ചു വന്നേക്കാവുന്ന വിദേശികളെ ഓർത്തായിരിക്കണം. കാരണം, രണ്ടടിയുടെ വ്യത്യാസത്തിലാണ് "Euro Inn " സ്ഥിതി ചെയ്യുന്നത്. കടലിനപ്പുറത്തിരുന്ന് web browse ചെയ്യുന്നവർക്കുണ്ടോ ഈ സത്രങ്ങളുടെ യഥാർത്ഥ അവസ്ഥ അറിയുന്നു ! 

സെപ്റ്റംബർ 27 അവിടെ അവസാനിച്ചു 

ചരിത്രത്തിൽ അടിഞ്ഞുകിടക്കുന്നവയാണ് പഴയ ഡൽഹിയിലെ തെരുവുകൾ - കാലം പിറകിലേക്ക് പോയെന്നൊരു മായ ജനിപ്പിക്കുന്നവ!  ഇലക്ട്രിക്ക് കേബിളുകളും  ടെലിഫോൺ ലൈനുകളും പിണഞ്ഞുകിടന്നു വല കെട്ടി വീഴാതെ സൂക്ഷിക്കുകയാണെന്നു തോന്നുന്ന പഴയകെട്ടിടങ്ങൾ , നൂറ്റാണ്ടുകളുടെ പൊടിയടിഞ്ഞു കിടന്നു . ഗലികളിലൂടെ ഓടുന്ന അന്യം നിന്നിട്ടില്ലാത്ത സൈക്കിൾ റിക്ഷകളും , ടോങ്കകളും . ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഭാരം വലിക്കുന്ന മനുഷ്യർ . ഉള്ളവന് എല്ലാം; ഇല്ലാത്തവന് ഒന്നുമില്ല - എന്ന കാഴ്ച തന്നെയാണ് തലസ്ഥാനനഗരിയിലും .


പ്രാതലിന് കേറിയ ഹോട്ടലിൽ പത്തിരുപതു രാജ്യങ്ങളുടെ കൊടികൾ ; മൈക്കിൾ ജാക്‌സണും , മഡോണയും , മെർലിൻ മൺറോയും തൂങ്ങിയാടുന്ന ചുവരുകൾ ; എല്ലാം വിദേശികളെ ആകർഷിക്കാൻ തന്നെ 

അടുത്തതായി പോയത് കുത്തബ് മീനാറിലേക്കാണ് , ഓട്ടോറിക്ഷയിൽ ; ഡൽഹിയിലെ റോഡുകൾക്കെല്ലാം മുഗൾ ചക്രവർത്തിമാർ തുടങ്ങി ഇങ്ങോട്ടുള്ളവരുടെ പേരുകളാണ് . സ്ഥലപ്പേരുകളും കാതിനിമ്പമുള്ളവയാണ് - ധരിയാ ഗാംജ് , വസന്ത് കുഞ്ജ് എന്നിങ്ങനെ , ശ്രവണസുഖം തരുന്നവ ! കുത്തബ് മീനാർ , വാസ്തുകലയുടെ മറ്റൊരുദാത്ത മാതൃകയാണ്. കഴുത്തിന്റെ നീളം പരീക്ഷിക്കുന്ന മീനാർ. വിസ്മയം ജനിപ്പിക്കുന്ന കൽത്തൂണുകൾ .  1600 വർഷങ്ങളായിട്ടും തുരുമ്പിക്കാതെ നിൽക്കുന്ന അശോകസ്തംഭം ഇന്നുമൊരു വിസ്മയവും, പഠനവിഷയവുമാണ് 

ചാന്ദ്നി ചൗക്കിൽ നിന്നും കാശ്‌മീരി ഗേറ്റ് വരെ പോയത് ഡൽഹി മെട്രോയിലുള്ള   യാത്ര പരീക്ഷിക്കാനായിരുന്നു. 

പിന്നീട് പോയത് ഇന്ത്യാ ഗേറ്റിൽ ആണ് . അതിവിശാലമാണ് ഇന്ത്യാ ഗേറ്റിനെയും , ഇന്ത്യൻ പാർലമെന്റിനെയും ഘടിപ്പിക്കുന്ന റോഡ് . ഇരുവശത്തും പച്ചപ്പുൽത്തകിടി . അങ്ങിങ്ങായി നിർത്തിയിട്ടിരിക്കുന്ന മിലിറ്ററി വാഹനങ്ങൾ , ഇന്ത്യൻ ആർമിയുടെ ജിപ്സികൾ , പല സേനയിലും പെട്ട ഉദ്യോഗസ്ഥർ . തലയെടുപ്പോടെ നിൽക്കുന്ന ഇന്ത്യാ ഗേറ്റ് . ഇന്ത്യൻ ഡിഫെൻസ് സെർവീസിന്റെ  നാഡീവ്യൂഹങ്ങളായ ആർമി, നേവി, എയർ ഫോഴ്സ് സേനകളുടെ കൊടികൾ പ്രസരിപ്പോടെ പറന്നുകളിച്ചു . ജവാന്മാരുടെ അടങ്ങാത്ത ധൈര്യത്തിന്റെയും , നിസ്വാർത്ഥമായ ത്യാഗത്തിന്റെയും പ്രതീകമായ അണയാത്ത അഗ്നി " അമർ ജവാൻ ജ്യോതി " എരിഞ്ഞു കൊണ്ടേയിരുന്നു . ഒന്നാം ലോകയുദ്ധത്തിലും അഫ്ഘാൻ യുദ്ധങ്ങളിലും വീരമൃതു വരിച്ച യോദ്ധാക്കളുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തിവച്ചിട്ടുണ്ട് . " ലോകം രാജാക്കന്മാരെ മാത്രം ഓർക്കുന്നു, പടയാളികളെയല്ലേ " , എന്ന നൈരാശ്യവാദം ഇവിടെ മാത്രം തിരുത്തപ്പെട്ടിരിക്കുന്നു  


പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞിട്ടുള്ള എത്രയോ മഹാന്മാരുടെ പാദങ്ങൾ പതിച്ച ഭൂമിയായിരിക്കണം 
ഡൽഹി.  അവരിൽ  ബഹുഭൂരിപക്ഷത്തിന്റെയും പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുടെ ചുടുനിശ്വാസം കൊണ്ടായിരിക്കുമോ ഇവിടുത്തെ താപനില അസഹ്യമാം വിധം താഴാതെ  നിൽക്കുന്നത്  , തിരിച്ചു ട്രെയിനിൽ കയറുമ്പോൾ ഞാൻ ഓർത്തുപോയി .


Wednesday, 13 May 2020

മക്-ലിയോഡ് ഗംജ്‌ - ഒരോർമ്മക്കുറിപ്പ്



ഹിമാചൽ പ്രദേശിന്റെ ബസ്സ് കാശ്മീരിലേക്ക് ഉള്ളതായിരുന്നു . യാത്രക്കാരുടെ കുറവ് മൂലം ബസ്സ് ധരംശാലയിൽ കയറാതെയാണ് പോയത്. അത് കൊണ്ട് ധരംശാലയിൽ  എത്തിയതൊരു ടാക്സിയിലാണ്. ധരംശാലയിൽ McLeod Ganj  എന്ന സ്ഥലത്തു തങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത് . താമസം ഒരുക്കിത്തന്നത് ടാക്സി ഡ്രൈവർ തന്നെ. രാത്രി നന്നേ ഇരുട്ടിയിരുന്നു. കിടന്നതും ഉറങ്ങിപ്പോയിരുന്നു യാത്രാക്ഷീണത്താൽ .


ഹിമാലയങ്ങളിലെ പ്രഭാതം അനിർവചനീയമായ അനുഭവമാണ് . രാവിലെ എഴുന്നേറ്റ ഞാൻ പ്രകൃതിയുടെ കലാസൃഷ്ടി കണ്ട് സ്തബ്ധയായി എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല . ഡൽഹിയിലെ പഴുതുകളില്ലാത്ത ചുവരുകൾക്കു വിഭിന്നമായി ഇവിടം ചുവരുകളുടെ സിംഹഭാഗവും ജനലുകൾ അപഹരിക്കുന്നു. പ്രകൃതിയിലേക്ക് തുറക്കുന്ന ജാലകങ്ങൾ. അതിന്മേൽ ഉറഞ്ഞുകൂടുന്ന മഞ്ഞു പുലർവേളകളിൽ ഉരുകി ചാലുകീറുന്നു . മലഞ്ചരുവുകളിൽ നില-നിലയായി നിരത്തിയെടുത്ത സമതലങ്ങളിൽ  പലനിറങ്ങളിലുള്ള വീടുകൾ space എന്ന dimension തന്നെ ഇല്ലായെന്ന് തോന്നിപ്പിച്ചു  . ഒരു ചെറിയ കുടുംബത്തിന് വേണ്ട വലിപ്പം മാത്രമുള്ള , ഒരേപോലിരിക്കുന്ന നിരവധി വീടുകൾ തീപ്പെട്ടിക്കൂടുകൾ പോലെ തോന്നിച്ചു . ബൗദ്ധരുടെ ബഹുവർണ്ണങ്ങളിലുള്ള കൊടിതോരണങ്ങൾ  നവവധുവിൻറെ നെറ്റിത്തടം പോലെ ഗ്രാമത്തിനു മുകളിൽ അലങ്കരിക്കപ്പെട്ടിരുന്നു. മൂടൽമഞ്ഞിൽ , നീലമലനിരകൾ  യവനികയുടെ മുകളിലൂടെ  കാണുന്ന നിഴൽചിത്രങ്ങൾ പോലെ കാണാമായിരുന്നു. സഹ്യനെ മാത്രം കണ്ടു വളർന്ന ഈ മലയാളിയുടെ അവസ്ഥയെ കുറിച്ച് പ്രത്യേകം പറയണോ  ?!


ലോകം പതുക്കെ എഴുന്നേൽക്കുന്നു. സ്വകർമ്മങ്ങളിൽ മുഴുകുന്നു . ഇവിടുത്തെ ലോകം സാവധാനമാണ് ചലിക്കുന്നത്  . ആളുകളാരും തിരക്കുകൂട്ടുന്നില്ല . ശബ്ദമുണ്ടാക്കുന്നില്ല . "Paragliding" സംവിധാനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് കൈവരികൾക്കപ്പുറത്തു നിന്ന് ചിരിക്കുന്ന ഒരു തത്ദേശക്കാരനായ കുട്ടിയെ കണ്ടത് . അജ്ഞാതരോട് അപരിചിതത്വമേതും കാണിക്കാത്ത ഇവിടുത്തെ കുട്ടികൾ ബൈബിളിൽ പറയുന്ന ദേവദൂതരെ ഓർമിപ്പിക്കുന്നു - ചിറകുകൾ ഇല്ലാത്ത മാലാഖമാർ !


അപ്പോഴേക്കും മൂടൽമഞ്ഞകന്നു ഹിമാലയം തെളിഞ്ഞു കാണാനായിരുന്നു.  നീണ്ടു പടർന്നു കിടക്കുന്ന ഹിമാലയത്തിന്റെ മലനിരകൾ ഒരു നീല  ക്യാൻവാസിൽ വെള്ള ചായം കൊണ്ടുള്ള ഒരു കലാകാരന്റെ പരാക്രമം പോലെ സുന്ദരമായി കാണപ്പെട്ടു . വീടുകളിൽ പെർസിമൺ* മരങ്ങൾ  എണ്ണമിനുപ്പുള്ള ഇലകളാൽ ചേല ചുറ്റി , ഓറഞ്ച് നിറങ്ങളിലുള്ള ഫലങ്ങൾ നിറച്ചു യൗവ്വനയുക്തകളായ അഭിസാരികമാരെ പോലെ  സൗന്ദര്യം തുളുമ്പിനിന്നു . ആപ്പിൾ , സബ്രജിൽ മരങ്ങൾ കായ്ച്ചിരുന്നില്ല - ഒരു വസന്തത്തിനായി അവ കാത്തുനിന്നു


ഇവിടെമെല്ലാം വളരെ വൃത്തിയും, വെടിപ്പുമാണ് . റോഡുകളെല്ലാം സമതലത്തിൽ നിന്നും ചെരിഞ്ഞാണ് നിൽക്കുന്നത്. താമസസ്ഥലത്തെ ഉടമസ്ഥനായ വിവേക് മുപ്പതുകളുടെ തുടക്കത്തിലുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. മറ്റു 'പഹാഡി'കളെ പോലെത്തന്നെ  ഉയർന്ന മൂക്കും , രക്തനാഡികളെ വെളിപ്പെടുത്തുന്ന ചർമ്മവും അയാളെ ആകർഷകമാക്കി . വളരെ മാന്യനായ ഒരു മനുഷ്യൻ! ഇവിടത്തുകാരെല്ലാം അങ്ങിനെയാണ് . ബഹുമാനം തന്നു മാത്രം തിരിച്ചു സ്വീകരിക്കുന്നവർ ! മനുഷ്യരിലെ ദേവന്മാർ !  അവർ പരസ്പരം സംസാരിക്കുന്ന 'പഹാഡി' ഹിന്ദി ഒരു ശരാശരി മലയാളിക്ക്  മനസ്സിലാവണമെന്നില്ല .


വിവേക് പറഞ്ഞാണ് അറിഞ്ഞത് , ബിർ -ഇൽ Paragliding -നു പറ്റിയ അവസ്ഥയല്ലെന്നു ! തലേന്ന് രണ്ടു മണിക്കൂർ മഴ പെയ്‌തുവത്രേ! രാക്കുളിയിൽ നനഞ്ഞു ഈറനുടുത്തുനിൽക്കുന്ന ഭൂമി  ഇനിയും വസ്ത്രം മാറാതെ കുതിർന്നുതന്നെ നിൽക്കുന്നുവത്രെ! അങ്ങിനെയാണ് ആ യാത്ര ഒരു ദിവസത്തേക്ക് മാറ്റി വച്ചതു !


അതിനാൽ , അടുത്ത് പോയത് 'Bhagsu' വെള്ളച്ചാട്ടത്തിലേക്കാണ് . വഴിയിൽ , കരിങ്കല്ലുകൾ അടുക്കിവെച്ചുണ്ടാക്കിയ വീടുകൾ ! വളരെ  വീതികുറഞ്ഞ ഒരു വഴി മലയുടെ ഓരംപറ്റി പുളഞ്ഞു പോകുന്നുണ്ടായിരുന്നു - അത് വഴിയാണ് പോകേണ്ടത് .  വഴിയോരങ്ങളിൽ മലയാടുകൾ സ്വൈരവിഹാരം നടത്തുന്നു !  ദൂരെ വെള്ളൊഴുക്കിന്റെ ശബ്ദം  അടുത്ത് വന്നുകൊണ്ടിരുന്നു . മറുവശത്തു ഉരുളൻകല്ലുകളെ വകഞ്ഞുമാറ്റി ധാർഷ്ട്യത്തോടെ ഒഴുകുന്ന ബിയാസ് (Beas) നദി .


മുടിയഴിച്ചാടുന്ന ഭ്രാന്തിയെപ്പോലെ തിമർത്താടുന്ന വെള്ളത്തിന്റെ അസ്ഥികോച്ചുന്ന തണുപ്പ് ശരീരത്തിൽ ഒരു മിന്നൽപിണർ കടത്തിവിട്ടു. ഉള്ളിലൊരു കിതപ്പ് മുകളിലേക്ക് ഉയർന്നുവന്നു. പാലുപോലുള്ള വെള്ളം വന്നു വീഴുന്നതോടെ മരതകപ്പച്ചയാകുന്നു . "Bhagsu" ക്ഷീരഗംഗയെ പോലെ ബിയാസിലേക്കു സമ്മേളിക്കുന്നു - കാമുകനിലേക്കെന്നപോലെ


McLeod Ganj  -ഇനും Forseyth Ganj ഇനും ഇടയ്ക്കു ദേവദാരു വൃക്ഷങ്ങൾ കാവൽ നിൽക്കുന്ന ഒരു ദേവാലയമുണ്ട് - St John's church (in the wilderness ) - പാതിരിയും പള്ളിമണികളും കാഹളം മുഴക്കാത്ത ഒരു ആരാധനാലയം . തണുപ്പുകാലത്തു മഞ്ഞിൽമൂടികിടക്കുന്ന സൗധം ഇംഗ്ലീഷ് കുട്ടികഥകളിലെ രംഗവേദിയാണെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ ചുവരുകളിൽ കാണാമായിരുന്നു .


October 1 ആയിരുന്നു അന്ന് , ചൈനീസ് സ്വാതന്ത്ര്യദിനം . റോഡിലെങ്ങും ബാനറുകളും ജാഥകളും. മാർക്കറ്റിൽ കൂറ്റൻ ചുവരുകളിൽ തൂക്കിയിരുന്ന "One  People , One Nation - 50 years ഓഫ് Tibetan resistance 1959 -2009 " എന്ന banner കാണാതിരുന്നില്ല . ഈ ബുദ്ധസന്യാസിമാരുടെ പ്രതിഷേധത്തിന് പ്രധാനമായും നിശബ്ദതയുടെ ഭാഷയാണ് . ശബ്ദത്തിനു കാര്യമായൊന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവായിരിക്കണം കാരണം !


അന്നേ ദിവസം തന്നെ ദലൈ ലാമയുടെ McLeod Ganj ലെ  monastery ആയ Tsung -Ka -Lang കാണാൻ സാധിച്ചത് യാദൃശ്ചികമായിരുന്നു . കുറച്ചധികം നിയന്ത്രണങ്ങൾ ഒഴിച്ചാൽ അവിടം മറ്റ് ആശ്രമങ്ങളിൽ  നിന്ന് വ്യത്യസ്തമല്ല . (1950 -ഇൽ Tibet കൈയ്യടക്കിയ കമ്മ്യൂണിസ്റ്റ് ചൈന ബുദ്ധമതം ഉന്മൂലനം ചെയ്തു തുടങ്ങി. ചൈനയുടെ അതിക്രമത്തിൽ അവിടം വിടേണ്ടി വന്ന ദലൈ -ലാമക്കു അഭയം നൽകിയത് ഇന്ത്യയാണ് . അദ്ദേഹം ഈ ധരംശാലയിൽ ആണ്  ആശ്രമം സ്ഥാപിച്ചത് )


McLeod Ganj -ഇൽ തിരിച്ചെത്തിയപ്പോൾ സമയം രാത്രി ഏഴിനോടടുത്തു . സന്ധ്യാസമയത്തു ഇവിടുത്തെ ഗലികളിലൂടെയുള്ള നടത്തം ഒരു രസമുള്ള അനുഭവമാണ് . എവിടെയും ചെറിയ കടകൾ . പലവർണങ്ങളിലുള്ള കശ്മീരി വസ്ത്രങ്ങൾ , കമ്പിളികൾ , ലോഹങ്ങളിലും , വൃക്ഷത്തടികളിലും ഉള്ള ബുദ്ധപ്രതിമകൾ - നിയോൺ ബൾബുകളുടെ ശോഭയിൽ എന്തും മനോഹരമായി തോന്നി .


അതേ സമയം , നേരത്തെ പറഞ്ഞ ഒക്ടോബർ ഒന്നിൻറെ പ്രത്യേകതയിൽ പഹാഡികളും , ബുദ്ധസന്യാസിമാരും മെഴുകുതിരികളും , ദലൈ-ലാമയുടെ ചിത്രവുമേന്തി , സമാധാനത്തിനുള്ള മന്ത്രങ്ങളുരുവിട്ടുകൊണ്ടു ഒരു ജാഥ നയിക്കുന്നുണ്ടായിരുന്നു . സന്യാസിമാർ നയിക്കുന്ന ആ മനുഷ്യച്ചങ്ങലയിൽ സ്വദേശികളും , വിദേശികളും ഒരുപോലെ ഉണ്ടായിരുന്നു .


അവസാനമായി - ഈ ദേവഭൂമിയെകുറിച്ച്  പറയുകയാണെങ്കിൽ, അത് നിങ്ങളെ അദ്‌ഭുതപരവശരാക്കും എന്നു മാത്രം പറഞ്ഞാൽ കുറഞ്ഞുപോകും . രൗദ്രഭാവം കൊണ്ട  പർവ്വതങ്ങൾ ഒരു ഭാഗത്തു , അവയിൽ നിന്നുദ്ഭവിക്കുന്ന ദുർഗ്ഗകളായൊഴുകുന്ന നദികൾ മറുഭാഗത്തു - രണ്ട് സമാനതകളില്ലാത്ത പ്രകൃതീശക്തികൾ . മേഘങ്ങൾക്കടുത്തു കിടക്കുന്ന ഇവിടെയെത്തുമ്പോൾ മനുഷ്യർ സ്വതേ നിശ്ശബ്ദരാകുന്നു - ഭയമോ , ബഹുമാനമോ ? - അവർ  പ്രകൃതിയുടെ ആവാഹനത്തിൽ നമ്രശിരസ്കരാവുന്നു .

ഏറ്റവും മനോഹരമായവ , അനുഭവപ്പെടുന്നതും അവശേഷിക്കുന്നതും , അനുഭൂതികളായാണ്, അല്ലേ ? - ഒരനിർവ്വചനീയമായ അനുഭൂതി ? ; അവയെ അപരന്ന്  വാക്കുകളിലൂടെ  അനുഭവ്യമാക്കാൻ പറ്റുമോ എന്നെനിക്കുറപ്പില്ല.. എന്നാലും റുഡ്യാർഡ് കിപ്ലിംഗിന്റെ ഒരു സന്ദേശം ഇവിടെ പറയാതെ വയ്യ :

“The true smell of the Himalayas if it once creeps into the blood of a man, that man will at the last, forgetting all else, return to the hills to die” - Rudyard Kipling

ഇതിലും മഹത്തരമായി ആ തോന്നൽ വ്യാഖ്യാനിക്കാൻ സാധ്യമല്ല, അതിനാൽ ഉദ്യമിക്കുന്നുമില്ല ! ഒന്നറിയുക ! - കഴുകിക്കളയാനാവാതെ രക്തത്തിലലിയുന്നൊരു ലഹരിയാണിവിടുത്തെ ഗന്ധം  - അതു കൊണ്ടു തന്നെ ഒരു യാത്ര ചെയ്യുന്നെങ്കിൽ വളരെയാലോചിച്ചു മാത്രം ചെയ്യുക ;  ഒരു പൂർണമായ മടങ്ങിവരവ് സാധ്യമായെന്നു വരില്ല !


*Perssimon/Japanese fruit

                                        St.John's Church, McLeod Ganj, Himachal Pradesh
Reproduced with permission from https://www.facebook.com/aman.sharma.7370

                                                        A moonlit night in the valley
Source : https://www.facebook.com/ratnadeep.acharya.39

                                                                     The Beas river
Reproduced with permission from https://www.facebook.com/kabir.singh007

                                                                      An evening
Reproduced with permission from https://www.facebook.com/beinuk

Friday, 10 April 2020

വർഗീയതയുടെ വേറിട്ട മുഖങ്ങൾ - ഒരു തമാശകഥ



നിലവിളക്കുകൾ എൻറെ ബലഹീനതയാണ് . ഒരു കൊമ്പൻറെ ലക്ഷണം പോലെ , ഒരു നർത്തകിയുടെ ആകാരം പോലെ , നിലവിളക്കിന്റെ അളവുകൾ പ്രധാനമാണ് . സാധാരണ കടകളിൽ കണ്ട് വരുന്നത് ഓട്ടുവിളക്കുകളാണെന്നു അറിയാമല്ലോ . ഒരിക്കൽ ഏതോ ഒരു സ്റ്റീൽ പാത്രക്കടയിൽ പോയപ്പോഴാണ് ആരോ ഉപേക്ഷിച്ചുപോയ ഒരു  വിളക്ക് എൻ്റെ കണ്ണിൽ പെട്ടത് . നിറം കറുപ്പാണെങ്കിലും അതൊരു ലക്ഷണമൊത്ത സൃഷ്ടിയായിരുന്നു . ഉയരത്തിനൊത്ത വണ്ണവും, നീണ്ടു കൂർത്ത മൂക്കും, പരന്ന എണ്ണത്തടവും എന്നെ വല്ലാതെ ആകർഷിച്ചു. ഞാനതു വാങ്ങിയത് ഒരു നിസ്സാര വിലയ്ക്കായിരുന്നു.

എന്തായാലും ആ യാത്രയുടെ മടക്കത്തിൽ കയ്യിൽ ആ  കരിവിളക്കും പിടിച്ചു കൊണ്ടാണ് ഞാൻ വീട്ടിൽ വന്നു കയറിയത്  . വന്നപാടെ അതൊരു ശത്രുവിനെയും സൃഷ്ടിച്ചു  - വേറാരുമല്ല , അമ്മ തന്നെ ! ഏക മകൻ അന്യജാതിക്കാരിയായ പെണ്ണിനെ വിളിച്ചുകൊണ്ടുവന്നതു പോലെ അമ്മ എന്നെയൊന്നു തറപ്പിച്ചു നോക്കി . എൻറെയൊരു തിരിച്ചു നോട്ടത്തിൽ ഞങ്ങളൊരു  പരസ്പരധാരണയിലെത്തി . ശാസ്ത്രവും യുക്തിയും വിശ്വാസങ്ങളുമായി ചേർന്നുപോയിട്ടുണ്ടോ , എന്നെങ്കിലും ?!

കരിവിളക്കിനെ കുറിച്ച് പറയുമ്പോൾ മറ്റൊരു കാര്യം കൂടെ പറയാതെ വയ്യ - ചരിത്രവിഷയങ്ങളിലുള്ള താല്പര്യം കാരണം  എല്ലാ തൃശൂർ യാത്രകളിലും ശക്തൻ തമ്പുരാന്റെ കൊട്ടാരം ഒന്നു ചുറ്റി കണ്ടിട്ടേ ഞാൻ  തിരിച്ചുവരാറുള്ളു . അവിടെ പൂമുഖത്തുതന്നെ ഒരു കരിപിടിച്ച ആട്ടവിളക്കുണ്ട് - തമ്പുരാനെയും , അദ്ദേഹത്തിന്റെ അതിക്രമങ്ങളെയും കണ്ടിട്ടുള്ള  ഒരു കരിപിടിച്ച ആട്ടവിളക്ക്* -  കഥകളികൾ ഏറെ അരങ്ങേറിയിട്ടുള്ള  ആ പൂമുഖത്തു അതൊരു രൗദ്രഭീമനെ പോലെ നിലകൊണ്ടു.

എന്തൊക്കെയായാലും എൻ്റെ കരിവിളക്കിന്റെ വിഷയം ഒരിക്കൽ ചർച്ചക്കുവരുമെന്നു എനിക്കറിയാമായിരുന്നു.

അങ്ങനെ , കാത്തിരുന്നു കാത്തിരുന്നു അമ്മക്കൊരു അവസരം കിട്ടി. അവസരം എന്താണെന്നതു  പ്രസക്തമല്ല , കാരണം , വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന അനുഭവങ്ങൾ ഏതൊരു മനുഷ്യനും നേരിടുന്നതാണ് . എന്തായാലും അമ്മ കാര്യം അവതരിപ്പിച്ചു - " ആ കരിവിളക്ക് ! - അതൊരു ഐശ്വര്യക്കേടാണ് ! , വിളക്കാണെങ്കിൽ ഓടിൽ ഉണ്ടാക്കണം , ചെമ്പിൽ ഉണ്ടാക്കുന്നതുകൊണ്ടാണ് അത് കറുത്ത് പോകുന്നത് . വിളക്കിനു കറുപ്പ് നിറം അശ്രീകരമാണ് . ഇത് വാങ്ങിയിടത്തു തന്നെ തിരിച്ചു കൊടുത്തോളൂ . വീട്ടിൽ വെക്കേണ്ട ! " , അമ്മ നിലപാട് കടുപ്പിച്ചു.

അമ്മയുടെ ഉറക്കം കെടുത്തുന്ന വിശ്വാസഭേദനങ്ങളുടെ മുറിവുണക്കേണ്ടത്  എൻറെ ആവശ്യമായിരുന്നു .
ഞാൻ അതിനുള്ളൊരു ശ്രമവും നടത്തി : " അമ്മ ശക്തൻ തമ്പുരാന്റെ കൊട്ടാരത്തിൽ പോയിട്ടുണ്ടോ എപ്പോഴെങ്കിലും ? ഇല്ലല്ലോ ?! , എന്നാൽ അടുത്ത തവണ അമ്മ എൻ്റെ കൂടെ വരണം" , ഞാൻ അമ്മയോട് പറഞ്ഞു , " അവിടെ പൂമുഖത്തു തന്നെ ഒരു നിലവിളക്കുണ്ട്  , അത് ഇതിനേക്കാൾ കരിപിടിച്ചിട്ടാ , പോരാത്തതിന് അതൊരു ആട്ടവിളക്കുമാണ്. തമ്പുരാനോ അദ്ദേഹത്തിന്റെ ഉപദേശികൾക്കോ അതില്  ഐശ്വര്യക്കേട്‌ തോന്നിയില്ല്യല്ലോ , പിന്നെന്താമ്മേ നമുക്ക് ?"

 അമ്മ ഒരു നിമിഷം നിശബ്ദയായി. എന്നിട്ട് , എന്നോട് തിരിച്ചു ചോദിച്ചു : "ശരി ! എന്നിട്ടിപ്പോ ആരാ നിൻറെ തമ്പുരാൻറെ കൊട്ടാരത്തില്  താമസം* ? "

കഴിഞ്ഞു! ഒന്നും പറയാനാവാതെ എൻ്റെ കഥ കഴിഞ്ഞു .

*ശക്തൻതമ്പുരാന്റെ കൊട്ടാരം ഇന്നൊരു മ്യൂസിയം ആണെന്ന് അറിയാല്ലോ

*ആട്ടവിളക്ക് : കഥകളി അരങ്ങിൽ കൊളുത്തി വയ്ക്കുന്ന വിളക്ക് - കളിവിളക്ക് എന്നും പറയും .

                                                              A picture of the lamps

Tuesday, 31 March 2020

ഭാഷകൾക്കപ്പുറം




കഴിഞ്ഞവർഷമാണ്. ഓഫീസ് ജോലിക്കാരായ ഞങ്ങൾ രണ്ടു പേരും പകൽ സമയം കുട്ടികൾക്ക് കൂട്ടിരിക്കാൻ ഒരാളെ അന്വേഷിക്കുകയായിരുന്നു. ഒരു റിട്ടയേർഡ് പോലീസുകാരനോ , അല്ലെങ്കിൽ പട്ടാളക്കാരനോ ആയിരിക്കും അനുയോജ്യമെന്ന് ശത്രുക്കൾ അടക്കം പറഞ്ഞിരുന്നു - യുദ്ധത്തിലോ കുറഞ്ഞത് ലാത്തിചാർജിലോ പങ്കെടുത്തവർക്കേ അവരേ നിയന്ത്രിച്ചു നിർത്താനാകൂ എന്നവർ വിശ്വസിച്ചു . അതിനോട് ഞങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു - സിംഹത്തെ വളയത്തിൽ കൂടി ചാടിക്കുന്ന , കരടിയെക്കൊണ്ട് സൈക്കിൾ ഓടിപ്പിക്കുന്ന , ആനയെ കസേരപ്പുറത്തു നിർത്തുന്ന ഒരു റിങ് മാസ്റ്റർക്കും അത് സാധിക്കും. കൂട്ടത്തിൽ ഞാണിന്മേൽ നടക്കാനോ , ശീർഷാസനത്തിൽ നിൽക്കാനൊ പഠിച്ചാൽ തെറ്റുണ്ടോ ? . എന്തായാലും ഒന്നുകിൽ ക്ഷമ വേണം അല്ലെങ്കിൽ തോക്കെടുക്കണം - അക്കാര്യത്തിൽ തീരുമാനമായിരുന്നു


അപ്പോഴാണ് അങ്ങേവീട്ടിൽ ജോലിക്കുവരുന്ന ദുർഗ്ഗ തുളസി എന്നൊരു സ്‌ത്രീയെ കുറിച്ച് പറയുന്നത്. പാറാവുകാരനായ ബാബുറാമിന്റെ ഭാര്യയാണ് . സിക്കിമിൽനിന്നു ദുർഗ്ഗ വന്ന പോലെ ജോലി അന്വേഷിച്ചു നേപ്പാളിൽ നിന്നു വന്നതാണ് തുളസി , ബാംഗ്ലൂരിലേക്ക് . "ആയിക്കോട്ടെ! തുളസി വരട്ടെ . എങ്ങനെപോകുന്നെന്നു നോക്കാം " - എന്ന് പറഞ്ഞു ദുർഗ്ഗയോട് .


അന്ന് വൈകുന്നേരം തന്നെ തുളസി വന്നു . തുളസി ! - അവളൊരു ഷിംല ആപ്പിൾ പോലിരുന്നു , പ്രകാശമാനമായ മുഖം , ചിരിക്കുമ്പോൾ ഉരുണ്ടുകൂടുന്ന കവിളിനുമുകളിൽ രക്തതുടിപ്പിന്റെ ചുവപ്പുനിറം , തുറന്ന നിഷ്കളങ്കമായ ചിരി , തുളസിയെ ആദ്യ മാത്രയിൽ തന്നെ ആരും സ്നേഹിച്ചു പോകുമായിരുന്നു


"ദീദി , മൂന്നു മക്കളുണ്ട് . ഇളയ രണ്ടുപേർ നേപ്പാളിൽ തന്നെ - ഒരാൾ അമ്മയോടൊപ്പം താമസിച്ചു സ്കൂളിൽ പഠിക്കുന്നു . രണ്ടാമത്തെയാൾ കൊറിയൻ ഭാഷ പഠിക്കുന്ന കോളേജിലാണ് - ഗ്രാമത്തിൽ നിന്ന് മാറി വലിയ പട്ടണത്തിലാണ് , കാത്മണ്ഡുവിൽ " , തുളസി അഭിമാനത്തോടെ പറഞ്ഞു തുടർന്നു , " കൊറിയൻ ഭാഷ പഠിച്ചവർക്ക് നല്ല ഭാവിയുണ്ട് . ഗ്രാമത്തിലെ കുറെ യുവാക്കൾ കൊറിയൻ ഭാഷ പഠിച്ചു കൊറിയയിലേക്ക് ചേക്കേറിയിരിക്കുന്നു ", ഒരു ചെറു പുഞ്ചിരിയോടെ അവൾ പ്രതീക്ഷയുടെ വിദൂരതയിലേക്ക് നോക്കി വർത്തമാനകാലത്തേക്കു തിരിച്ചുവന്നു . "മകളെ വിവാഹം ചെയ്തയച്ചു. അതിലൊരു കൊച്ചുമകളുണ്ട് . ഇവിടുത്തെ എളേതിന്റെ പ്രായം . എന്നാൽ കാഴ്ചക്ക് ഇത്രേം ഉണ്ടാവില്ല. പ്രായം തികയാതെ പെറ്റതായതുകൊണ്ട് എന്നും അസുഖവുമാണ് ", അത് പറയുമ്പോഴും തുളസിയുടെ ചിരി മാഞ്ഞിരുന്നില്ല . പാതികീറിയ കണ്ണുകളുടെ ഇരു കോണിലും പ്രായത്തിന്റെ ചുളിവുകൾ വരുന്നുണ്ടോയെന്നറിയാൻ, അവളുടെ മങ്ങിയ പുഞ്ചിരിക്ക് ആഴം കൂടാൻ എന്റെ വ്യർത്ഥത കാത്തിരുന്നു


"എന്തു പ്രായണ്ട് ? - നരക്കാത്ത നീളമൊത്ത മുടിയും , തിളങ്ങുന്ന മുഖവും സഹിക്കാനാകാതെ, സംസ്കാരത്തിന്റെ അതിർവരമ്പുകളെ ലംഘിച്ചു കൊണ്ടു എന്നിലെ സ്ത്രീ ചോദിച്ചു.


"അല്ലാ ! കുട്ട്യോൾടെ പിന്നാലെയൊക്കെ ഓടേണ്ടി വരും ", എൻറെ ഔത്സുഖ്യത്തിനു ഒരാവശ്യത്തിൻറെ അനാവരണം തീർത്തുകൊണ്ട് ഞാൻ പറഞ്ഞു .


"ഒരു മുപ്പതായിക്കാണും , ദീദി" - അവർ പറഞ്ഞതിൽ ഒരു താൽപര്യക്കുറവ് ഞാൻ ചികഞ്ഞെടുത്തു.


"മുപ്പതോ ?", എന്നിലെ സ്ത്രീ പ്രായത്തിനു ലേലം വിളിച്ചു , "അപ്പൊ മോൾക്കോ ?"- ഞാൻ വിട്ടില്ല .


"അവൾക്കു ഇരുപത്തി ഒന്ന് ", അത് കൂടിയായപ്പോൾ എൻറെ സഹനത്തിന്റെ എല്ലാ അണക്കെട്ടും തുളസി ഭേദിച്ചു .


"അതെങ്ങനെ തുളസി , അപ്പൊ നീ എത്ര വയസ്സിലാ കല്യാണം കഴിച്ചത് ?" , എന്നായി ഞാൻ .


"പ്രായമൊക്കെ ഓർത്തു വെക്കാവുന്നതിനേക്കാൾ മുന്നേ കല്യാണം കഴിഞ്ഞു, ദീദി" , അവൾ പറഞ്ഞു .


"അപ്പോ, എത്ര പഠിച്ചിട്ടുണ്ട് ?", പിന്നേം ഞാൻ ചോദിച്ചു .


"ഞാൻ സ്കൂളിലൊന്നും പോയിട്ടില്ല, ദീദി . മകളെയും ഞങ്ങൾ നേരത്തെ വിവാഹം കഴിപ്പിച്ചു. നിങ്ങൾ നഗരങ്ങളിൽ പെൺകുട്ടികളെ വളർത്തുന്നതെങ്ങനെയാണെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു "- താൻ ഭൂതകാലത്ത് എടുത്ത ഒരു തീരുമാനവും വർത്തമാനകാലത്തെ ജോലിസാധ്യതകളെ ബാധിക്കരുതെന്ന പോലെ പശ്ചാത്താപത്തിന്റെ സ്വരത്തിൽ തുളസി പറഞ്ഞൊപ്പിച്ചു .

അവളുടെ പ്രായത്തിൻറെ കണക്ക് തെറ്റുന്നതിൽ അവൾക്കില്ലാത്ത ഉൽക്കണ്ഠ കാണിച്ചതിൽ , വിദ്യാഭ്യാസം സിദ്ധിക്കാത്ത ഒരു സ്ത്രീയോട് കണക്കിന്റെ വരിഷ്ഠിത കാണിച്ചതിൽ ഞാൻ ലജ്ജിച്ചു പോയി .


എന്തായാലും എന്റെ ന്യായവിധിക്കു കാത്തുനിൽക്കാതെ ,കുട്ടികൾക്ക് തുളസിബായി പ്രിയങ്കരിയായി. അമ്മേടടുത്തുന്നു മാറാത്ത മൂന്നുവയസ്സുകാരന് തുളസിബായി മതിയെന്നായി ; കുട്ടികൾ വീട്ടിൽ സംസാരിക്കുന്ന ഭാഷ ഹിന്ദിയായിത്തുടങ്ങി. അച്ഛനുമമ്മേം കുറച്ചു വൈകിവന്നാലും മതിയെന്നവർ പറഞ്ഞുതുടങ്ങി. കൊടുക്കുന്ന ശമ്പളത്തിനുള്ള ജോലിയും , അതിലും മേലെ വിലയിടാനാവാത്ത സ്നേഹവും വിശ്വാസ്യതയും അവൾ ഞങ്ങൾക്ക് തന്നു. ഞങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഹിമാലയത്തിനപ്പുറത്തുള്ള ഒരു നാലടി ഉയരക്കാരിയായിരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല . അവരുടെ പ്രാരാബ്ധങ്ങളും എൻറെ ധനസ്ഥിതിയും അനുസരിച്ചുള്ള വേതനം ഞാനവർക്ക് കൊടുക്കുന്നുണ്ടോയെന്നു മനസ്സ് ചോദിച്ചുതുടങ്ങി . അപ്പോഴെല്ലാം ഞാനാ ചോദ്യത്തിന് മറുചോദ്യം ചോദിച്ചു ഒഴിഞ്ഞുമാറി


തുളസിയും ഞങ്ങൾക്കൊപ്പം സന്തുഷ്ടയായിരുന്നു എന്ന് ഞാൻ കരുതുന്നു. അതിലൊരു പ്രധാന കാരണം - ഞാനവരെ പരിചയക്കാർക്ക് नानी* (നാനി*) എന്ന് പരിചയപ്പെടുത്തുന്നത് അന്തസ്സായി അവർ കരുതി . അവരുടെ ഗ്രാമത്തിൽ സ്ത്രീകൾ ജോലിക്കു പോകാറില്ല ; ഗൃഹഭരണം മാത്രം ചെയ്യുന്നു. അത് കൊണ്ടു തന്നെ അന്യന്റെ വീട് വൃത്തിയാക്കുന്നതും , പാത്രങ്ങൾ കഴുകുന്നതും പുറത്തറിയുന്നത് കുറച്ചിലായേ അവർ കരുതിയുള്ളൂ. "മകൻ കൊറിയൻ ഭാഷ പഠിക്കുന്നത് കാത്മണ്ഡുവിലാണ് ,ദീദി , അവിടെ ചിലവ് കൂടുതലാണ് " ,എന്ന് അവർ പലവുരു ആവർത്തിച്ചുകഴിഞ്ഞിരുന്നു അതിനോടകം. "അതിനാൽ ഞാനിവിടെ ജോലി ചെയ്യുന്നു , ദീദി . മകൻ കൊറിയയിൽ പോയിക്കഴിഞ്ഞാൽ ഞങ്ങൾ രക്ഷപ്പെടും . പിന്നെ ഞങ്ങൾ തിരിച്ചു ഗ്രാമത്തിലേക്കു പോകും ", അവർ സമാധാനിച്ചു . എന്നാൽ ഞാൻ नानी എന്നല്ല nanny എന്നാണ് പറയുന്നതെന്ന് ഞാൻ തിരുത്തിയില്ല. ഒരു മലയാളിയെയും നേപ്പാളിയെയും രൂപവ്യത്യാസമില്ലേയെന്നു ചോദിച്ചു ഞാനവരെ ബുദ്ധിമുട്ടിച്ചില്ല . അറിവില്ല്യായ്മ ചിലപ്പോഴെല്ലാം ഒരനുഗ്രഹമല്ലേ ? - അതിൽനിന്നും വരുന്ന അപൂർവമായ സുഖത്തെ ഞാനായിട്ടെന്തിനു ഇല്ലാതാക്കണം ? മിണ്ടാതിരിക്കുന്നതു കൊണ്ട് അവരുടെ ജോലിക്കു ഞാനൊരു അന്തസ്സു കല്പിച്ചുകൊടുക്കുകയായിരുന്നു - അവരറിയാതെ ഞാനവരെ ചൂഷണം ചെയ്യുകയായിരുന്നു


അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി. തണുപ്പുകാലമായി .സൂര്യപ്രകാശം ലഭിക്കുന്നത് കുറഞ്ഞു തുടങ്ങി , നിലമെല്ലാം തണുത്തുകിടന്നു .കുട്ടികൾക്ക് തണുപ്പടിക്കാതിരിക്കാൻ ഒന്നിലധികം വസ്ത്രങ്ങൾ ധരിപ്പിച്ചു . എന്നിട്ടും , അവർക്കു മത്സരിച്ചു സൂക്കേട് പിടിക്കാൻ തുടങ്ങി . തുളസി വീട്ടിലില്ലാത്ത സമയം പനി പിടിച്ച കുട്ടികളെ നോക്കാൻ വീട്ടിലിരുന്നു ഓഫീസ് ജോലി ചെയ്യാൻ പലപ്പോഴും ഞാൻ നിർബന്ധിതയായി. അങ്ങിനെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കുള്ളത് മാത്രം വീട്ടിലുണ്ടാക്കി എനിക്കുള്ള ഭക്ഷണം ഞാൻ പുറമെ ഹോട്ടലിൽ നിന്നും വരുത്തിച്ചു ; ഇടിവെട്ടേറ്റവന് പാമ്പുകടി ഏൽക്കരുതെന്നത് എൻറെ ആവശ്യമായിരുന്നു. പതിവുപോലെ , ഉച്ച കഴിഞ്ഞപ്പോൾ തുളസി കയറിവന്നു.


"കുട്ടികൾ ഇന്നും സ്കൂളിൽ പോയില്ലേ , ദീദി ? , അവരുടെ നെറ്റിയിൽ കൈവെച്ചു സ്ഥിതി വിലയിരുത്തിയതിനു ശേഷം എന്നോട് ചോദിച്ചു.

"ദീദി, ഈ പൊതിയിലെന്താ , ഇന്നും ഒന്നും ഉണ്ടാക്കിയില്ലേ ?" -ഒരു ഭക്ഷണപ്പൊതിയെന്റെ നേരെ നീട്ടി അവർ ചോദിച്ചു "എന്നോട് പറഞ്ഞിരുന്നെങ്കിൽ ചപ്പാത്തിയും ആലൂക്കറിയും കൊണ്ടുവന്നേനെയല്ലോ ?", അവൾ പരിഭവപ്പെട്ടു


അത്രയും പറഞ്ഞു കൊണ്ട് അവർ നിലത്തു കാലുനീട്ടിയിരുന്നു ; കൂടുതൽ വാചാലയായി


"ദീദി , എനിക്കിവിടെ ജോലി ചെയ്യാൻ സന്തോഷമാണ്. ഞാൻ മാറി നിന്നാൽ നിങ്ങൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടാകുമെന്നും അറിയാം . പക്ഷെ, മാർച്ച് മാസത്തിൽ എനിക്ക് നേപ്പാളിൽ പോകേണ്ടതുണ്ട് , അവിടെപ്പോയി ഞങ്ങളുടെ ദേവതകൾക്കും പൂർവികർക്കും പൂജകൾ ചെയ്യേണ്ടതുണ്ട്. എല്ലാ വർഷവും മുടങ്ങാതെ ചെയ്യുന്നതാണ്. ", അവർ പറഞ്ഞു , "പോയാൽ രണ്ടു മാസം കഴിഞ്ഞേ വരൂ ", അവർ കൂട്ടിച്ചേർത്തു, " ഞാൻ പോയാൽ ദീദി വേറെ ആരെയെങ്കിലും ജോലിക്കു വയ്ക്കുമോ ", അവരെന്റെ മനസ്സറിയാൻ ശ്രമിച്ചു.

കമ്പ്യൂട്ടറിൽ നിന്ന് നിമിഷനേരത്തേക്കു ഞാനവൾക്കുനേരെ ദൃഷ്ടി നീട്ടി.


"ദീദി , ഞാനിതിനു മുമ്പ് വേറൊരു വീട്ടിൽ ജോലിക്കു നിന്നിരുന്നു ", മനസ്സുതുറക്കാനുള്ള ഒരവസരമായി അവരതു കണ്ടു . "അവർ മുസല്മാന്മാരായിരുന്നു. അവർ ഗോമാംസം ഭക്ഷിക്കും. അവിടെ പോയി തുടങ്ങിയതിൽ പിന്നെയോ എനിക്കെന്നും തലവേദനയും. അങ്ങനെ ഒരു ദിവസം രാത്രി ഞാനൊരു സ്വപ്നം കണ്ടു - ഞങ്ങളുടെ പൂർവികർ ഒരു പശുവിന്റെ പുറത്തു കേറി വന്നിരിക്കുന്നു. ഗോമാംസാഹാരികൾക്കു വേണ്ടി ജോലി ചെയ്തിട്ടു വേണോ തുളസിക്കു ജീവിക്കാൻ എന്നു എന്നോടവർ ചോദിച്ചു. മൂന്നു തലമുറക്കാർ ഉണ്ടായിരുന്നു. കാലുകളിൽ ചെരുപ്പിട്ടിട്ടില്ലായിരുന്നു - ഇപ്പോഴും ഇല്യായ്മ തന്നെയായിരിക്കണം . എന്നാലും എന്റെയൊരു സഹായവും വേണ്ടെന്നവർ പറഞ്ഞു . അതിൽ പിന്നെ ഞാനാ വീട്ടിൽ പോയിട്ടില്ല . ഇവിടെ ജോലിക്കു വന്നതിൽ പിന്നെ എനിക്ക് തലവേദനയും ദുഃസ്വപ്നങ്ങളും ഉണ്ടായിട്ടില്ല " , ഒരു മുഖസ്തുതിയാൽ അവരെന്നെ പൂർവികരുടെ ശാഠ്യങ്ങളെ കുറിച്ച് ബോധിപ്പിച്ചു


തുളസിയുടെ വാക്കുകളിലെ ആത്മവിശ്വാസം എന്നെ ഭയപ്പെടുത്തി. യുക്തിയെ തോൽപ്പിച്ച് കുടഞ്ഞെണീറ്റു കൊണ്ട് വിതരണക്കാരൻ കൊണ്ടുതന്നെ ഭക്ഷണപ്പൊതി ഞാൻ അടുക്കളയിലെ അരീംപാത്രത്തിൽ ഒളിപ്പിച്ചു. "ഇന്നുമാത്രംകേട്ടറിഞ്ഞ അദൃശ്യശക്തിയോടു ഞാൻ മത്സരത്തിനില്ല " , ഞാൻ തീരുമാനിച്ചിരുന്നു , "തുളസി പറഞ്ഞതിലെന്തെങ്കിലും സത്യമുണ്ടെങ്കിലോ - എൻ്റെ ഭക്ഷണത്തിനു ജീവൻ വെച്ചാൽ അതാദ്യം പറയുന്നത് 'ഇമ്പേ!' എന്നായിരുന്നേനെ ". തുളസിയെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു


രണ്ടു മാസം പെട്ടെന്നു കടന്നു പോയി


തുളസി നേപ്പാളിലേക്ക് വണ്ടി കേറിയിട്ട് ഇപ്പോൾ രണ്ടാഴ്ചയായി . ബാബുറാമിനെ പലകുറി ഫോണിൽ വിളിച്ചു - കിട്ടിയില്ല. നാട്ടിലൊരു മഹാമാരിയുണ്ട് പോകരുതെന്ന് ഞങ്ങൾ പലകുറി പറഞ്ഞതാണ് . തുളസിബായിയോടൊപ്പം താനും വരുമെന്ന് മൂന്നുവയസ്സുകാരൻ ശാഠ്യം പിടിച്ചതാണ് . പക്ഷെ ഒന്നിനും തുളസിയുടെ യാത്ര തടുക്കാനായില്ല . തുളസി യാത്രയാവുമ്പോൾ ഇന്ത്യൻ റെയിൽവേ അടച്ചിട്ടില്ലായിരുന്നു . ഡൽഹി - ഗോരഖ്‌പൂർ വഴി വേണം തുളസിക്ക് നേപ്പാളിൽ എത്താൻ . തുളസിക്കു നേപ്പാളിലെത്താൻ സാധിച്ചോ എന്നെനിക്കറിയില്ല. കാരണം , മറ്റുപാധികൾ തുറക്കാതെ ഇന്ത്യൻ സർക്കാരിന് അതിർത്തികൾ അടക്കേണ്ടി വന്നു. നേപ്പാളിലെത്താൻ കടമ്പകൾ കുറെ കടക്കേണ്ടിയിരുന്നു - മഹാമാരികൾക്കു അതിർത്തികൾ പ്രശ്നമല്ലല്ലോ .


അർദ്ധവിരാമമാകേണ്ടിയിരുന്ന എത്ര കഥകൾക്കു ഇവ്വിധം വിരാമമിട്ടുകൊണ്ടായിരിക്കും ഈ മഹാമാരി പെയ്തൊഴിയുക . ഈ കൊടുങ്കാറ്റിൽ മറിഞ്ഞുവീണ വിശ്വാസബിംബങ്ങൾ ഉയർത്തെണീക്കുമോ ? അവ ഇനിയും മനുഷ്യരെ അന്ധരാക്കുമോ ? നേപ്പാളിൽനിന്നും ഇനിയും മഞ്ഞിന്റെ നൈര്മല്യമുള്ള തുളസിമാർ നമ്മുടെ ഭരണാധികാരികളെ വിശ്വസിച്ചു തിരിച്ചു വരുമോ ? അതിൽ ഞങ്ങളുടെ തുളസിയും ഉണ്ടാകുമോ ? അതോ, അവളിതിനോടകം പൂർവികരിൽ ചേർന്നുകാണുമോ ? - എത്ര ചോദ്യങ്ങൾ അവശേഷിപ്പിച്ചിട്ടാകും ഈ ദുരിതകാലം കടന്നുപോകുക



नानी*(നാനി*) : ഹിന്ദി പദം : അമ്മേടെ 'അമ്മ
nanny : ഇംഗ്ലീഷ് പദം : കുട്ടികളെ വീട്ടിൽ വന്നു നോക്കുന്ന സ്ത്രീ



Friday, 20 March 2020

ഒരു കാട്ടുതീ




ഒരു കാട്ടുതീയെ കുറിച്ചു -
നീ കേട്ടിരുന്നോ പ്രിയേ? -
മനുഷ്യനാൽ തടുക്കുവാനാകാത്തത്  ?
പ്രകൃതിയാൽ ഗതി മാറ്റാത്തത്  ?
ഇറ്റുവീഴുന്ന മഴയിലാളിക്കത്തുന്നത് ?
വന്യമായൊരു തിരമാലപോലേറിവന്നു -
നിൻറെയൊരു തന്മാത്രയുമതു വിടുകയില്ല
നിന്നെ ശ്വാസം മുട്ടിക്കയില്ല ,
ഒന്നും പ്രതീക്ഷിക്കയില്ല  ,
ദേഹം പൊള്ളുകില്ല ,
നിന്നെ ഹനിക്കയില്ല
നിൻ ശ്വാസത്തിനാലാത്മാവിൻ ദാഹം-
അതു, തീർക്കമാത്രം
ഈ കാട്ടുതീയിൽ ജനിക്കുന്നു പൂക്കൾ
നിൻ ശരീരം മണക്കുന്ന ചെമ്പകപ്പൂക്കൾ
ആ മരങ്ങളിൽ കുരുവികൾ പാട്ടുപാടുന്നു
മുകുളങ്ങൾ വർണാഭമാം ശോഭ തീർക്കുന്നു
ആ മരത്തിന്നു കീഴെ ഞാൻ ധ്യാനത്തിലാണു
നിന്നഭൗമ വശ്യതയിൽ കുതിർന്നുകൊണ്ട്

Indran's art reproduced with permission