ഹിമാചൽ പ്രദേശിന്റെ ബസ്സ് കാശ്മീരിലേക്ക് ഉള്ളതായിരുന്നു . യാത്രക്കാരുടെ കുറവ് മൂലം ബസ്സ് ധരംശാലയിൽ കയറാതെയാണ് പോയത്. അത് കൊണ്ട് ധരംശാലയിൽ എത്തിയതൊരു ടാക്സിയിലാണ്. ധരംശാലയിൽ McLeod Ganj എന്ന സ്ഥലത്തു തങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത് . താമസം ഒരുക്കിത്തന്നത് ടാക്സി ഡ്രൈവർ തന്നെ. രാത്രി നന്നേ ഇരുട്ടിയിരുന്നു. കിടന്നതും ഉറങ്ങിപ്പോയിരുന്നു യാത്രാക്ഷീണത്താൽ .
ഹിമാലയങ്ങളിലെ പ്രഭാതം അനിർവചനീയമായ അനുഭവമാണ് . രാവിലെ എഴുന്നേറ്റ ഞാൻ പ്രകൃതിയുടെ കലാസൃഷ്ടി കണ്ട് സ്തബ്ധയായി എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല . ഡൽഹിയിലെ പഴുതുകളില്ലാത്ത ചുവരുകൾക്കു വിഭിന്നമായി ഇവിടം ചുവരുകളുടെ സിംഹഭാഗവും ജനലുകൾ അപഹരിക്കുന്നു. പ്രകൃതിയിലേക്ക് തുറക്കുന്ന ജാലകങ്ങൾ. അതിന്മേൽ ഉറഞ്ഞുകൂടുന്ന മഞ്ഞു പുലർവേളകളിൽ ഉരുകി ചാലുകീറുന്നു . മലഞ്ചരുവുകളിൽ നില-നിലയായി നിരത്തിയെടുത്ത സമതലങ്ങളിൽ പലനിറങ്ങളിലുള്ള വീടുകൾ space എന്ന dimension തന്നെ ഇല്ലായെന്ന് തോന്നിപ്പിച്ചു . ഒരു ചെറിയ കുടുംബത്തിന് വേണ്ട വലിപ്പം മാത്രമുള്ള , ഒരേപോലിരിക്കുന്ന നിരവധി വീടുകൾ തീപ്പെട്ടിക്കൂടുകൾ പോലെ തോന്നിച്ചു . ബൗദ്ധരുടെ ബഹുവർണ്ണങ്ങളിലുള്ള കൊടിതോരണങ്ങൾ നവവധുവിൻറെ നെറ്റിത്തടം പോലെ ഗ്രാമത്തിനു മുകളിൽ അലങ്കരിക്കപ്പെട്ടിരുന്നു. മൂടൽമഞ്ഞിൽ , നീലമലനിരകൾ യവനികയുടെ മുകളിലൂടെ കാണുന്ന നിഴൽചിത്രങ്ങൾ പോലെ കാണാമായിരുന്നു. സഹ്യനെ മാത്രം കണ്ടു വളർന്ന ഈ മലയാളിയുടെ അവസ്ഥയെ കുറിച്ച് പ്രത്യേകം പറയണോ ?!
ലോകം പതുക്കെ എഴുന്നേൽക്കുന്നു. സ്വകർമ്മങ്ങളിൽ മുഴുകുന്നു . ഇവിടുത്തെ ലോകം സാവധാനമാണ് ചലിക്കുന്നത് . ആളുകളാരും തിരക്കുകൂട്ടുന്നില്ല . ശബ്ദമുണ്ടാക്കുന്നില്ല . "Paragliding" സംവിധാനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് കൈവരികൾക്കപ്പുറത്തു നിന്ന് ചിരിക്കുന്ന ഒരു തത്ദേശക്കാരനായ കുട്ടിയെ കണ്ടത് . അജ്ഞാതരോട് അപരിചിതത്വമേതും കാണിക്കാത്ത ഇവിടുത്തെ കുട്ടികൾ ബൈബിളിൽ പറയുന്ന ദേവദൂതരെ ഓർമിപ്പിക്കുന്നു - ചിറകുകൾ ഇല്ലാത്ത മാലാഖമാർ !
അപ്പോഴേക്കും മൂടൽമഞ്ഞകന്നു ഹിമാലയം തെളിഞ്ഞു കാണാനായിരുന്നു. നീണ്ടു പടർന്നു കിടക്കുന്ന ഹിമാലയത്തിന്റെ മലനിരകൾ ഒരു നീല ക്യാൻവാസിൽ വെള്ള ചായം കൊണ്ടുള്ള ഒരു കലാകാരന്റെ പരാക്രമം പോലെ സുന്ദരമായി കാണപ്പെട്ടു . വീടുകളിൽ പെർസിമൺ* മരങ്ങൾ എണ്ണമിനുപ്പുള്ള ഇലകളാൽ ചേല ചുറ്റി , ഓറഞ്ച് നിറങ്ങളിലുള്ള ഫലങ്ങൾ നിറച്ചു യൗവ്വനയുക്തകളായ അഭിസാരികമാരെ പോലെ സൗന്ദര്യം തുളുമ്പിനിന്നു . ആപ്പിൾ , സബ്രജിൽ മരങ്ങൾ കായ്ച്ചിരുന്നില്ല - ഒരു വസന്തത്തിനായി അവ കാത്തുനിന്നു
ഇവിടെമെല്ലാം വളരെ വൃത്തിയും, വെടിപ്പുമാണ് . റോഡുകളെല്ലാം സമതലത്തിൽ നിന്നും ചെരിഞ്ഞാണ് നിൽക്കുന്നത്. താമസസ്ഥലത്തെ ഉടമസ്ഥനായ വിവേക് മുപ്പതുകളുടെ തുടക്കത്തിലുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. മറ്റു 'പഹാഡി'കളെ പോലെത്തന്നെ ഉയർന്ന മൂക്കും , രക്തനാഡികളെ വെളിപ്പെടുത്തുന്ന ചർമ്മവും അയാളെ ആകർഷകമാക്കി . വളരെ മാന്യനായ ഒരു മനുഷ്യൻ! ഇവിടത്തുകാരെല്ലാം അങ്ങിനെയാണ് . ബഹുമാനം തന്നു മാത്രം തിരിച്ചു സ്വീകരിക്കുന്നവർ ! മനുഷ്യരിലെ ദേവന്മാർ ! അവർ പരസ്പരം സംസാരിക്കുന്ന 'പഹാഡി' ഹിന്ദി ഒരു ശരാശരി മലയാളിക്ക് മനസ്സിലാവണമെന്നില്ല .
വിവേക് പറഞ്ഞാണ് അറിഞ്ഞത് , ബിർ -ഇൽ Paragliding -നു പറ്റിയ അവസ്ഥയല്ലെന്നു ! തലേന്ന് രണ്ടു മണിക്കൂർ മഴ പെയ്‌തുവത്രേ! രാക്കുളിയിൽ നനഞ്ഞു ഈറനുടുത്തുനിൽക്കുന്ന ഭൂമി ഇനിയും വസ്ത്രം മാറാതെ കുതിർന്നുതന്നെ നിൽക്കുന്നുവത്രെ! അങ്ങിനെയാണ് ആ യാത്ര ഒരു ദിവസത്തേക്ക് മാറ്റി വച്ചതു !
അതിനാൽ , അടുത്ത് പോയത് 'Bhagsu' വെള്ളച്ചാട്ടത്തിലേക്കാണ് . വഴിയിൽ , കരിങ്കല്ലുകൾ അടുക്കിവെച്ചുണ്ടാക്കിയ വീടുകൾ ! വളരെ വീതികുറഞ്ഞ ഒരു വഴി മലയുടെ ഓരംപറ്റി പുളഞ്ഞു പോകുന്നുണ്ടായിരുന്നു - അത് വഴിയാണ് പോകേണ്ടത് . വഴിയോരങ്ങളിൽ മലയാടുകൾ സ്വൈരവിഹാരം നടത്തുന്നു ! ദൂരെ വെള്ളൊഴുക്കിന്റെ ശബ്ദം അടുത്ത് വന്നുകൊണ്ടിരുന്നു . മറുവശത്തു ഉരുളൻകല്ലുകളെ വകഞ്ഞുമാറ്റി ധാർഷ്ട്യത്തോടെ ഒഴുകുന്ന ബിയാസ് (Beas) നദി .
മുടിയഴിച്ചാടുന്ന ഭ്രാന്തിയെപ്പോലെ തിമർത്താടുന്ന വെള്ളത്തിന്റെ അസ്ഥികോച്ചുന്ന തണുപ്പ് ശരീരത്തിൽ ഒരു മിന്നൽപിണർ കടത്തിവിട്ടു. ഉള്ളിലൊരു കിതപ്പ് മുകളിലേക്ക് ഉയർന്നുവന്നു. പാലുപോലുള്ള വെള്ളം വന്നു വീഴുന്നതോടെ മരതകപ്പച്ചയാകുന്നു . "Bhagsu" ക്ഷീരഗംഗയെ പോലെ ബിയാസിലേക്കു സമ്മേളിക്കുന്നു - കാമുകനിലേക്കെന്നപോലെ
McLeod Ganj -ഇനും Forseyth Ganj ഇനും ഇടയ്ക്കു ദേവദാരു വൃക്ഷങ്ങൾ കാവൽ നിൽക്കുന്ന ഒരു ദേവാലയമുണ്ട് - St John's church (in the wilderness ) - പാതിരിയും പള്ളിമണികളും കാഹളം മുഴക്കാത്ത ഒരു ആരാധനാലയം . തണുപ്പുകാലത്തു മഞ്ഞിൽമൂടികിടക്കുന്ന സൗധം ഇംഗ്ലീഷ് കുട്ടികഥകളിലെ രംഗവേദിയാണെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ ചുവരുകളിൽ കാണാമായിരുന്നു .
October 1 ആയിരുന്നു അന്ന് , ചൈനീസ് സ്വാതന്ത്ര്യദിനം . റോഡിലെങ്ങും ബാനറുകളും ജാഥകളും. മാർക്കറ്റിൽ കൂറ്റൻ ചുവരുകളിൽ തൂക്കിയിരുന്ന "One People , One Nation - 50 years ഓഫ് Tibetan resistance 1959 -2009 " എന്ന banner കാണാതിരുന്നില്ല . ഈ ബുദ്ധസന്യാസിമാരുടെ പ്രതിഷേധത്തിന് പ്രധാനമായും നിശബ്ദതയുടെ ഭാഷയാണ് . ശബ്ദത്തിനു കാര്യമായൊന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവായിരിക്കണം കാരണം !
അന്നേ ദിവസം തന്നെ ദലൈ ലാമയുടെ McLeod Ganj ലെ monastery ആയ Tsung -Ka -Lang കാണാൻ സാധിച്ചത് യാദൃശ്ചികമായിരുന്നു . കുറച്ചധികം നിയന്ത്രണങ്ങൾ ഒഴിച്ചാൽ അവിടം മറ്റ് ആശ്രമങ്ങളിൽ നിന്ന് വ്യത്യസ്തമല്ല . (1950 -ഇൽ Tibet കൈയ്യടക്കിയ കമ്മ്യൂണിസ്റ്റ് ചൈന ബുദ്ധമതം ഉന്മൂലനം ചെയ്തു തുടങ്ങി. ചൈനയുടെ അതിക്രമത്തിൽ അവിടം വിടേണ്ടി വന്ന ദലൈ -ലാമക്കു അഭയം നൽകിയത് ഇന്ത്യയാണ് . അദ്ദേഹം ഈ ധരംശാലയിൽ ആണ് ആശ്രമം സ്ഥാപിച്ചത് )
McLeod Ganj -ഇൽ തിരിച്ചെത്തിയപ്പോൾ സമയം രാത്രി ഏഴിനോടടുത്തു . സന്ധ്യാസമയത്തു ഇവിടുത്തെ ഗലികളിലൂടെയുള്ള നടത്തം ഒരു രസമുള്ള അനുഭവമാണ് . എവിടെയും ചെറിയ കടകൾ . പലവർണങ്ങളിലുള്ള കശ്മീരി വസ്ത്രങ്ങൾ , കമ്പിളികൾ , ലോഹങ്ങളിലും , വൃക്ഷത്തടികളിലും ഉള്ള ബുദ്ധപ്രതിമകൾ - നിയോൺ ബൾബുകളുടെ ശോഭയിൽ എന്തും മനോഹരമായി തോന്നി .
അതേ സമയം , നേരത്തെ പറഞ്ഞ ഒക്ടോബർ ഒന്നിൻറെ പ്രത്യേകതയിൽ പഹാഡികളും , ബുദ്ധസന്യാസിമാരും മെഴുകുതിരികളും , ദലൈ-ലാമയുടെ ചിത്രവുമേന്തി , സമാധാനത്തിനുള്ള മന്ത്രങ്ങളുരുവിട്ടുകൊണ്ടു ഒരു ജാഥ നയിക്കുന്നുണ്ടായിരുന്നു . സന്യാസിമാർ നയിക്കുന്ന ആ മനുഷ്യച്ചങ്ങലയിൽ സ്വദേശികളും , വിദേശികളും ഒരുപോലെ ഉണ്ടായിരുന്നു .
അവസാനമായി - ഈ ദേവഭൂമിയെകുറിച്ച് പറയുകയാണെങ്കിൽ, അത് നിങ്ങളെ അദ്‌ഭുതപരവശരാക്കും എന്നു മാത്രം പറഞ്ഞാൽ കുറഞ്ഞുപോകും . രൗദ്രഭാവം കൊണ്ട പർവ്വതങ്ങൾ ഒരു ഭാഗത്തു , അവയിൽ നിന്നുദ്ഭവിക്കുന്ന ദുർഗ്ഗകളായൊഴുകുന്ന നദികൾ മറുഭാഗത്തു - രണ്ട് സമാനതകളില്ലാത്ത പ്രകൃതീശക്തികൾ . മേഘങ്ങൾക്കടുത്തു കിടക്കുന്ന ഇവിടെയെത്തുമ്പോൾ മനുഷ്യർ സ്വതേ നിശ്ശബ്ദരാകുന്നു - ഭയമോ , ബഹുമാനമോ ? - അവർ പ്രകൃതിയുടെ ആവാഹനത്തിൽ നമ്രശിരസ്കരാവുന്നു .
ഏറ്റവും മനോഹരമായവ , അനുഭവപ്പെടുന്നതും അവശേഷിക്കുന്നതും , അനുഭൂതികളായാണ്, അല്ലേ ? - ഒരനിർവ്വചനീയമായ അനുഭൂതി ? ; അവയെ അപരന്ന് വാക്കുകളിലൂടെ അനുഭവ്യമാക്കാൻ പറ്റുമോ എന്നെനിക്കുറപ്പില്ല.. എന്നാലും റുഡ്യാർഡ് കിപ്ലിംഗിന്റെ ഒരു സന്ദേശം ഇവിടെ പറയാതെ വയ്യ :
“The true smell of the Himalayas if it once creeps into the blood of a man, that man will at the last, forgetting all else, return to the hills to die” - Rudyard Kipling
ഇതിലും മഹത്തരമായി ആ തോന്നൽ വ്യാഖ്യാനിക്കാൻ സാധ്യമല്ല, അതിനാൽ ഉദ്യമിക്കുന്നുമില്ല ! ഒന്നറിയുക ! - കഴുകിക്കളയാനാവാതെ രക്തത്തിലലിയുന്നൊരു ലഹരിയാണിവിടുത്തെ ഗന്ധം - അതു കൊണ്ടു തന്നെ ഒരു യാത്ര ചെയ്യുന്നെങ്കിൽ വളരെയാലോചിച്ചു മാത്രം ചെയ്യുക ; ഒരു പൂർണമായ മടങ്ങിവരവ് സാധ്യമായെന്നു വരില്ല !
*Perssimon/Japanese fruit
St.John's Church, McLeod Ganj, Himachal Pradesh
Reproduced with permission from https://www.facebook.com/aman.sharma.7370
A moonlit night in the valley
Source : https://www.facebook.com/ratnadeep.acharya.39
The Beas river
Reproduced with permission from https://www.facebook.com/kabir.singh007
An evening
Reproduced with permission from https://www.facebook.com/beinuk

No comments:
Post a Comment