നിലവിളക്കുകൾ എൻറെ ബലഹീനതയാണ് . ഒരു കൊമ്പൻറെ ലക്ഷണം പോലെ , ഒരു നർത്തകിയുടെ ആകാരം പോലെ , നിലവിളക്കിന്റെ അളവുകൾ പ്രധാനമാണ് . സാധാരണ കടകളിൽ കണ്ട് വരുന്നത് ഓട്ടുവിളക്കുകളാണെന്നു അറിയാമല്ലോ . ഒരിക്കൽ ഏതോ ഒരു സ്റ്റീൽ പാത്രക്കടയിൽ പോയപ്പോഴാണ് ആരോ ഉപേക്ഷിച്ചുപോയ ഒരു വിളക്ക് എൻ്റെ കണ്ണിൽ പെട്ടത് . നിറം കറുപ്പാണെങ്കിലും അതൊരു ലക്ഷണമൊത്ത സൃഷ്ടിയായിരുന്നു . ഉയരത്തിനൊത്ത വണ്ണവും, നീണ്ടു കൂർത്ത മൂക്കും, പരന്ന എണ്ണത്തടവും എന്നെ വല്ലാതെ ആകർഷിച്ചു. ഞാനതു വാങ്ങിയത് ഒരു നിസ്സാര വിലയ്ക്കായിരുന്നു.
എന്തായാലും ആ യാത്രയുടെ മടക്കത്തിൽ കയ്യിൽ ആ കരിവിളക്കും പിടിച്ചു കൊണ്ടാണ് ഞാൻ വീട്ടിൽ വന്നു കയറിയത് . വന്നപാടെ അതൊരു ശത്രുവിനെയും സൃഷ്ടിച്ചു - വേറാരുമല്ല , അമ്മ തന്നെ ! ഏക മകൻ അന്യജാതിക്കാരിയായ പെണ്ണിനെ വിളിച്ചുകൊണ്ടുവന്നതു പോലെ അമ്മ എന്നെയൊന്നു തറപ്പിച്ചു നോക്കി . എൻറെയൊരു തിരിച്ചു നോട്ടത്തിൽ ഞങ്ങളൊരു പരസ്പരധാരണയിലെത്തി . ശാസ്ത്രവും യുക്തിയും വിശ്വാസങ്ങളുമായി ചേർന്നുപോയിട്ടുണ്ടോ , എന്നെങ്കിലും ?!
കരിവിളക്കിനെ കുറിച്ച് പറയുമ്പോൾ മറ്റൊരു കാര്യം കൂടെ പറയാതെ വയ്യ - ചരിത്രവിഷയങ്ങളിലുള്ള താല്പര്യം കാരണം എല്ലാ തൃശൂർ യാത്രകളിലും ശക്തൻ തമ്പുരാന്റെ കൊട്ടാരം ഒന്നു ചുറ്റി കണ്ടിട്ടേ ഞാൻ തിരിച്ചുവരാറുള്ളു . അവിടെ പൂമുഖത്തുതന്നെ ഒരു കരിപിടിച്ച ആട്ടവിളക്കുണ്ട് - തമ്പുരാനെയും , അദ്ദേഹത്തിന്റെ അതിക്രമങ്ങളെയും കണ്ടിട്ടുള്ള ഒരു കരിപിടിച്ച ആട്ടവിളക്ക്* - കഥകളികൾ ഏറെ അരങ്ങേറിയിട്ടുള്ള ആ പൂമുഖത്തു അതൊരു രൗദ്രഭീമനെ പോലെ നിലകൊണ്ടു.
എന്തൊക്കെയായാലും എൻ്റെ കരിവിളക്കിന്റെ വിഷയം ഒരിക്കൽ ചർച്ചക്കുവരുമെന്നു എനിക്കറിയാമായിരുന്നു.
അങ്ങനെ , കാത്തിരുന്നു കാത്തിരുന്നു അമ്മക്കൊരു അവസരം കിട്ടി. അവസരം എന്താണെന്നതു പ്രസക്തമല്ല , കാരണം , വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന അനുഭവങ്ങൾ ഏതൊരു മനുഷ്യനും നേരിടുന്നതാണ് . എന്തായാലും അമ്മ കാര്യം അവതരിപ്പിച്ചു - " ആ കരിവിളക്ക് ! - അതൊരു ഐശ്വര്യക്കേടാണ് ! , വിളക്കാണെങ്കിൽ ഓടിൽ ഉണ്ടാക്കണം , ചെമ്പിൽ ഉണ്ടാക്കുന്നതുകൊണ്ടാണ് അത് കറുത്ത് പോകുന്നത് . വിളക്കിനു കറുപ്പ് നിറം അശ്രീകരമാണ് . ഇത് വാങ്ങിയിടത്തു തന്നെ തിരിച്ചു കൊടുത്തോളൂ . വീട്ടിൽ വെക്കേണ്ട ! " , അമ്മ നിലപാട് കടുപ്പിച്ചു.
അമ്മയുടെ ഉറക്കം കെടുത്തുന്ന വിശ്വാസഭേദനങ്ങളുടെ മുറിവുണക്കേണ്ടത് എൻറെ ആവശ്യമായിരുന്നു .
ഞാൻ അതിനുള്ളൊരു ശ്രമവും നടത്തി : " അമ്മ ശക്തൻ തമ്പുരാന്റെ കൊട്ടാരത്തിൽ പോയിട്ടുണ്ടോ എപ്പോഴെങ്കിലും ? ഇല്ലല്ലോ ?! , എന്നാൽ അടുത്ത തവണ അമ്മ എൻ്റെ കൂടെ വരണം" , ഞാൻ അമ്മയോട് പറഞ്ഞു , " അവിടെ പൂമുഖത്തു തന്നെ ഒരു നിലവിളക്കുണ്ട് , അത് ഇതിനേക്കാൾ കരിപിടിച്ചിട്ടാ , പോരാത്തതിന് അതൊരു ആട്ടവിളക്കുമാണ്. തമ്പുരാനോ അദ്ദേഹത്തിന്റെ ഉപദേശികൾക്കോ അതില് ഐശ്വര്യക്കേട് തോന്നിയില്ല്യല്ലോ , പിന്നെന്താമ്മേ നമുക്ക് ?"
അമ്മ ഒരു നിമിഷം നിശബ്ദയായി. എന്നിട്ട് , എന്നോട് തിരിച്ചു ചോദിച്ചു : "ശരി ! എന്നിട്ടിപ്പോ ആരാ നിൻറെ തമ്പുരാൻറെ കൊട്ടാരത്തില് താമസം* ? "
കഴിഞ്ഞു! ഒന്നും പറയാനാവാതെ എൻ്റെ കഥ കഴിഞ്ഞു .
*ശക്തൻതമ്പുരാന്റെ കൊട്ടാരം ഇന്നൊരു മ്യൂസിയം ആണെന്ന് അറിയാല്ലോ
*ആട്ടവിളക്ക് : കഥകളി അരങ്ങിൽ കൊളുത്തി വയ്ക്കുന്ന വിളക്ക് - കളിവിളക്ക് എന്നും പറയും .
A picture of the lamps

Athe maashe..
ReplyDeleteEllam chila vishwasangalaanu...
Nammude ishtangale nammal athinte munnil marachu pidikkunnu..
:-)
DeleteAmma #thuglife
ReplyDeleteHahaha
DeleteInteresting write up. Iniyum ariyaan agraham undu enikku
ReplyDelete🙂🙂